കോട്ടയം:തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍ കുടുംബത്തെ ആക്രമിച്ച് കവര്ച്ച. വീട്ടമ്മയ്ക്കും ഭര്‍ത്താവിനും പരുക്കേറ്റു. ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. തിരുവനന്തപുരത്തിനടുത്ത് കല്ലമ്പലം സ്വദേശി ഹയറുന്നിസ (35), ഭര്‍ത്താവ് മുഹമ്മദ് നിസാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ ബാഗ്, 3000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു. പരുക്കേറ്റ ദമ്പതികളെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണവും കവര്‍ച്ചയും നടത്തിയ നാഗര്‍കോവില്‍ സ്വദേശികളായ വിനു, സന്തോഷ് എന്നിയുവാക്കളെ കുറുപ്പന്തറയ്ക്ക് സമീപത്തുവച്ച് പോലിസ് അറസ്റ്റു ചെയ്തു.
ഹയറുന്നിസയുടെ കാതില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്ത അക്രമികള്‍ വയറിലും തലയിലും മര്‍ദിച്ചു. നിസാറിനെയും ക്രൂമായി മര്‍ദിച്ചു. മര്‍ദനത്തില്‍ നിസാറിന്റെ കണ്ണിന് ഗുരുതരമായ ക്ഷതമേറ്റു. കാഴ്ചശേഷി കുറവുള്ള മുഹമ്മദ് നിസാറിന് കാഴ്ചയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുമെന്നാണ് സൂചന.കോട്ടയത്തിന് സമീപം കുറുപ്പുന്തറയ്ക്കും കോതനല്ലൂരിനുമിടയ്ക്കാണ് സംഭവം ഉണ്ടായത്.
ഭിന്നശേഷിക്കാര്‍ക്കുള്ള കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. കുറുപ്പുന്തറയില്‍ ക്രോസിങ്ങിനു വേണ്ടി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ ട്രെയിനില്‍ കയറുന്നത്. പിന്നീട് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇവര്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.ഇതിനിടെ, മുഹമ്മദ് നിസാര്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കവര്‍ച്ചകാര്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു.