പത്തനംതിട്ട:ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ഓഗസ്റ്റ് 31ന് കേന്ദ്ര വിനോദസഞ്ചാര-സംസ്‌കാരിക വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ജലമേളയില്‍ പങ്കെടുക്കുന്നതിനായി 51 പള്ളിയോട കരകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
കോടിയാട്ടുകര, ഓതറ എന്നീ കരകളില്‍ നിന്നും ഇക്കുറി പുതിയ പള്ളിയോടങ്ങള്‍ ജലമേളയ്ക്ക് എത്തും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ആറാട്ടുപുഴ പള്ളിയോടവും പുത്തന്‍ പള്ളിയോടത്തിന്റെ പ്രൗഡിയോടെയും സൗകുമാര്യത്തോടെയും എത്തും. ഉതൃട്ടാതി ജലോത്സവത്തിനുള്ള പള്ളിയോടങ്ങളുടെ ബാച്ച് തിരിക്കല്‍ പൂര്‍ത്തിയായി. എ ബാച്ചില്‍ 34 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും പങ്കെടുക്കും. രണ്ടു ബാച്ചിലും ഫൈനല്‍ മത്സരത്തില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും.
ജല ഘോഷയാത്രയ്ക്കായി സത്രക്കടവില്‍ നിന്നും തെക്കു നിന്നും വടക്കോട്ട് 1,2,3,4 എന്ന ക്രമത്തിലും മത്സരത്തിന് വടക്ക് നിന്നും തെക്കോട്ട് 1,2,3,4 എന്ന ക്രമത്തിലുമായിരിക്കും പള്ളിയോടങ്ങള്‍ ക്രമീകരിക്കുകയെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണനും റേയ്‌സ് കമ്മിറ്റി കണ്‍വീനര്‍ സി.കെ. ഹരിശ്ചന്ദ്രനും അറിയിച്ചു.