തിരുവനന്തപുരം:ഓണക്കാലത്ത് ക്രമസമാധാനപാലനം ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് ലോബി സജീവമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എക്‌സൈസിന്റെ സഹായത്തോടെ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി 91495 അറസ്റ്റുകള്‍ നടന്നു. ഇതിലൂടെ മുപ്പത് ശതമാനം കുറ്റകൃത്യം കുറയ്ക്കാന്‍ കഴിഞ്ഞതായാണ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിലയിരുത്തത്തൽ . കാപ്പ നിയമപ്രകാരം 66 പേരെയും കോഫപോസ പ്രകാരം 17 പേരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമത്തിന് 887 പേര്‍ക്കെതിരെയും അബ്കാരി തുടങ്ങിയ കേസുകള്‍ പ്രകാരം 3275 പേരെയും ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട 1572 പേരെയും മോഷണം, പിടിച്ചുപറി കേസില്‍പ്പെട്ട 1622 പേരെയും ജാമ്യമില്ലാത്ത വാറന്റുണ്ടായിട്ടും പോലീസിനെ വെട്ടിച്ചുനടന്ന 68863 പേരെയും ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി അറസ്റ്റു ചെയ്തു. ഓപ്പറേഷന്‍ കുബേരയുടെ ഫലമായി പരസ്യമായ ബ്ലേഡ് പ്രവര്‍ത്തനം പൂര്‍ണമായി അവസാനിച്ചതായും മന്ത്രി പറഞ്ഞു. രഹസ്യമായി ബ്ലേഡ് പ്രവര്‍ത്തനം നടത്തുന്നവരെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കും.
മണി ലെന്‍ഡിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ചിട്ടി സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ ഇതിന്റെ മറവില്‍ ആധാരം പിടിച്ചുവയ്ക്കല്‍ പോലുള്ള ബ്ലേഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നേരിടും. അനധികൃത ചിട്ടി സംബന്ധിച്ച് രജിസ്‌ട്രേഷന്‍, ധനവകുപ്പുകളുടെ മന്ത്രിമാരുമായി ആലോചിച്ച് നടപടി സ്വീകരിക്കും.
ക്ലീന്‍കാമ്പസ് സേഫ് കാമ്പസ് പദ്ധതി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി ചെന്നിത്തല പറഞ്ഞു. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസിന്റെ ഭാഗമായി 39700 റെയ്ഡുകള്‍ നടത്തി 13413 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10103 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ കുബേരയിലൂടെ നാല് കോടി 86 ലക്ഷം രൂപ പിടിച്ചെടുത്തു. 2121 പേരെ അറസ്റ്റ് ചെയ്തു.
റോഡ് സുരക്ഷക്കുവേണ്ടിയുള്ള ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന റോഡുകളില്‍ കാമറകള്‍ സ്ഥാപിക്കും. സെപ്തംബര്‍ മാസത്തോടെ ഇത് പൂര്‍ത്തിയാകും. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലങ്ങളില്‍ റോഡ് നവീകരിക്കും. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി 14 പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ബ്ലേഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് കടക്കെണിയില്‍പ്പെട്ടവരെ സഹായിക്കാന്‍ പോലീസ് വകുപ്പ് ബാങ്കുകളുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ആലോചിച്ച പദ്ധതിയില്‍നിന്നും ബാങ്കുകള്‍ പിന്നാക്കം പോകുകയാണ് സഹകരണബാങ്കുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ പോലീസ് സജ്ജമാണ്. ആനവേട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന വനംവകുപ്പിന്റെ അപേക്ഷ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.