ന്യൂഡല്‍ഹി:ആഭ്യന്തര യുദ്ധം ശക്തമായ യെമനില്‍ നിന്നു ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം അയല്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നു പുറപ്പെട്ടു. 168 പേരാണ് ഈ വിമാനത്തില്‍ ഉള്ളത്. ഇവര്‍ പുലര്‍ച്ചെ ഒരു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. യാത്രക്കാര്‍ക്കെല്ലാം 2000 രൂപ വീതം നോര്‍ക്ക സഹായധനം നല്‍കുമെന്നും അറിയിച്ചു.
ആകെ 349 ഇന്ത്യക്കാരെയാണ് ഇന്ന് നാട്ടില്‍ എത്തിക്കുന്നത്. ഇതില്‍ 206 പേര്‍ മലയാളികളാണ്. വ്യോമസേനയുടെ സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ എത്തിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും മുംബൈയിലുമാണ് വിമാനമാര്‍ഗം ഇവരെ എത്തിക്കുക. യെമനില്‍ നിന്നുള്ള ആദ്യത്തെ വലിയ രക്ഷാദൗത്യമാണിത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ജിബൂട്ടിയിലുണ്ട്.