തിരുവനന്തപുരം:സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ദ്ധ സര്‍ക്കാര്‍ സ്വയംഭരണ / സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക ഭാഷാ ഉന്നതതല യോഗം തീരുമാനിച്ചു.
എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും 1969ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷ ഭാഷകളിലും ഇവ ഒഴികെയുള്ള എല്ലാംതന്നെ മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ വകുപ്പ് തലവന്മാരും ഇതര സ്ഥാപനമേധാവികളും ഈ വിഷയത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതും ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവത്തോടെ കാണുമെന്നും ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.