ഉമാപ്രേമന്‍
തിരുവനന്തപുരം :സാമൂഹ്യസേവനം, വിദ്യാഭ്യാസ-ആരോഗ്യമേഖല, കലസാഹിത്യം, ഭരണമികവ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം മന്ത്രി ഡോ.എം.കെ.മുനീര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.
സാമൂഹ്യസേവനത്തിനുള്ള അക്കാമ്മ ചെറിയാന്‍ പുരസ്‌കാരത്തിന് ഉമാപ്രേമന്‍ അര്‍ഹയായി. വിദ്യാഭ്യാസംആരോഗ്യ മേഖലയിലെ സേവനത്തിനുള്ള ക്യാപ്റ്റന്‍ ലക്ഷ്മി പുരസ്‌കാരം ഡോ.പി.എ.ലളിതയ്ക്കാണ്. കലസാഹിത്യം വിഭാഗത്തിലെ കമലാസുരയ്യാ പുരസ്‌കാരം അഞ്ജലി മേനോനും ഭരണ മികവിനുള്ള റാണി ലക്ഷ്മിഭായ് പുരസ്‌കാരം നിരുപമാറാവുവിനുമാണ്. വൃക്ക രോഗികള്‍ക്കായി സേവനമനുഷ്ടിക്കുന്ന ഉമാപ്രേമന്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. സ്വന്തം വൃക്ക സംഭാവന ചെയ്തിട്ടുള്ള ഉമാപ്രേമന്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാ വനിതയാണെന്ന് മന്ത്രി മുനീര്‍ പറഞ്ഞു.
ഐ.എം.എ. വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയായിരുന്ന ഡോ.പി.എ. ലളിതയ്ക്ക് 2006 ല്‍ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഡോ.ലളിത സാമൂഹ്യപ്രവര്‍ത്തനത്തിലും സജീവമാണ്. മികച്ച സിനിമാ സംവിധായികയായ അഞ്ജലി മേനോന്‍ സംസ്ഥാന സര്‍ക്കാരിന്റെയും, ഫിപ്രസിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരിയാണ്. ഭരണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായ നിരുപമാ റാവു മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. നിരവധി വിദേശ രാജ്യങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുള്ള അവര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിതരണം ചെയ്യും.
ശാസ്ത്രരംഗത്തെ മികവിന് ഈ വര്‍ഷം ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, അരോഗ്യം, കല, സാഹിത്യം എന്നീ മേഖലകള്‍ക്ക് വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. ഒപ്പം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തും. പുരസ്‌കാര നിര്‍ണയത്തിന് അടുത്ത വര്‍ഷം മുതല്‍ നോമിനേഷന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു.