തിരുവനന്തപുരം:അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അനുസ്മരിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് . ചലച്ചിത്ര രംഗത്തും അനുകരണകലയിലും നാടന്‍ സംഗീതത്തിന്റെ പരിപോഷണത്തിലും മികവ് പ്രകടിപ്പിച്ച മണിയുടെ വേര്‍പാട് പരിഹരിക്കാന്‍ കഴിയാത്തതാണെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.
മണ്ണിന്റെ മണം മനസ്സിൽ സൂക്ഷിക്കുകയും മാനവികതയോടൊപ്പം ഉറച്ചു നിൽക്കുകയും
ചെയ്ത പ്രതിഭാധനനാണ് കലാഭവൻ മണി. ആകസ്മികമായ ആ വിയോഗം കടുത്ത
വ്യസനമുണ്ടാക്കുന്നു. അവിശ്വസനീയമാണത്. ചലച്ചിത്ര രംഗത്തും
അനുകരണകലയിലും നാടൻ സംഗീതത്തിന്റെ പരിപോഷണത്തിലും അനാദൃശമായ മികവാണ് മണി
കാഴ്ചവെച്ചത്. ഏതു ലോകത്തു ചെന്നാലും സ്വന്തം നാടിനെയും നാടിന്റെ
നന്മയെയും ഉയർത്തിപ്പിടിച്ച മണി കരുത്തുറ്റ അഭിനേതാവ് എന്നതിനൊപ്പം സാമൂഹിക
യാഥാർത്ഥ്യങ്ങളോട് മറയില്ലാതെ പ്രതികരിക്കുകയും കലഹിക്കുകയും ചെയ്യുന്ന
പച്ച മനുഷ്യൻ എന്ന നിലയിൽ കൂടിയാണ്
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. പുരോഗമന പ്രസ്ഥാനത്തിന്റെ കൂടെ, അതിൽ
ഒരംഗമായാണ് മണി എന്നും നിലക്കൊണ്ടത്. കേരളത്തിന്റെ അതിർത്തിക്കപ്പുറം
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് ആ പ്രതിഭ. മണിയുടെ നഷ്ടം അപരിഹാര്യമാണ്.
അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമൊപ്പം, അതിയായി സ്നേഹിക്കുന്ന
ചാലക്കുടിക്കാർക്കൊപ്പം, കുടുംബാംഗങ്ങൾക്കൊപ്പം ആ വേർപാടിനു മുന്നിൽ
ശിരസ്സു കുനിക്കുന്നു. ആദരാഞ്ജലി അർപ്പിക്കുന്നു.