ന്യൂഡല്‍ഹി: ബൈക്ക് തട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ പേരിൽ ഡല്‍ഹിയിലെ വികാസ്പുരിയില്‍ ദന്തരോഗ വിദഗ്ധനെ ഒരു സംഘം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്.
ബൈക്ക് പങ്കജ് നാരംഗിന്റെ ദേഹത്ത് ഉരസി പോയതിനെ മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേരുമായി പങ്കജ് നാരംഗ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ 13 പേരടങ്ങുന്ന വേറൊരു സംഘത്തെ വിളിച്ചു കൊണ്ടു വന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നാരംഗിന്റെ വീടിന് പുറത്തു വച്ചാണ് സംഭവം. ബൈക്കില്‍ വന്ന രണ്ട് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.