തോമസ് ഐസക്, സൂര്യ, ഹരിണി
തിരുവനന്തപുരം:ട്രാൻസ്ജെൻഡേഴ്സിന് ആദ്യം വേണ്ടത് താമസിക്കാൻ സുരക്ഷിതമായി ഒരിടമാണ്. അത് കൊടുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണ്. ഇ എം എസ് പാർപ്പിട പദ്ധതി നടപ്പാക്കുമ്പോൾ. അതിൽ ട്രാൻസ് ജെൻഡേഴ്സിന് മുൻഗണന നൽകി വീട് ഏർപ്പാടാക്കുന്ന ചുമതല ഞാനേൽക്കുന്നു എന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വാർത്താചിത്ര ലേഖകൻ പി അഭിജിത് സംവിധാനം നിർവഹിച്ച 'അവളിലേക്കുള്ള ദൂരം' ഡോക്കുമെന്ററിയുടെ പ്രദർശനോദ്ഘാടനം പ്രസ് ക്ലബിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർപ്പിടമായിക്കഴിഞ്ഞാൽ രണ്ടാമതായിവേണ്ടത് തൊഴിലാണ്. അതിനു വേണ്ടി കെ എഫ് സിയിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിന് പരിശീലനവും വായ്പയും നൽകും എന്നും മന്ത്രി പറഞ്ഞു.
സൂര്യ, ഹരിണി എന്നി രണ്ടു ട്രാൻസ്ജെൻഡറുകളുടെ ജീവിതാനുഭവത്തിലൂടെ കേരളത്തിൽ ഈ കമ്മ്യുണിറ്റി അനുഭവിക്കുന്ന തീക്ഷണമായ യാതനകളുടെ നേർചിത്രമായ 30 മിനുട്ടു ദൈർഘ്യം വരുന്ന അഭിജിത്തിന്റെ അവളിലേക്കുള്ള ദൂരം കണ്ടു കഴിഞ്ഞാണ് പതിവിനു വിപരീതമായി മന്ത്രി സംസാരിച്ചത്. താമസിക്കാൻ വീടില്ലാത്തതും തൊഴിലില്ലാത്തതും ആണ് ട്രാൻസ് ജെൻഡേഴ്സിന്റെ പ്രധാന പ്രശ്നങ്ങൾ എന്ന് ചിത്രത്തിൽ നിന്ന് മനസ്സിലാക്കിയാണ് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. നീറുന്ന അനുഭവങ്ങളും ഒരുപാട് ഉൾക്കാഴ്ചയും അവളിലേക്കുള്ള ദൂരം പകർന്നു നൽകിയെന്നും പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു. കെ യു ഡബ്ള്യു ജെ ജില്ലാ പ്രസിഡന്റ് സി റഹിം, അധ്യക്ഷം വഹിച്ച ചടങ്ങിൽ പാർവതി ദേവി മുഖ്യപ്രഭാഷണം നടത്തി.
വലിയ ഒരു പോരാട്ടത്തിനൊടുവയിൽ എന്തെങ്കിലും നേടുന്നു വെന്ന് തോന്നുന്നത് ഇപ്പോഴാണെന്ന് ആശംസാ പ്രസംഗത്തിൽ സൂര്യ പറഞ്ഞു. സൂര്യയുടെ വേദനിപ്പിക്കുന്ന ജീവിതാനുഭവം കേട്ട് കണ്ണീരണിഞ്ഞ ഹരിണി ആശംസയർപ്പിച്ചു സംസാരിച്ചില്ല. മാധ്യമ പ്രവർത്തകരായ ബിഎസ് പ്രസന്നൻ,ബി ജയചന്ദ്രൻ,ഹാരിസ് കുറ്റിപ്പുറം,എസ് എൽ ശ്യാം എന്നിവർ സംസാരിച്ചു.