തിരുവനന്തപുരം:കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സൗത്ത് സോൺ കള്‍ച്ചറല്‍ സെന്ററും മഴയുടെയും മണ്ണിന്റെയും നന്മകള്‍ പ്രകാശിപ്പിക്കുന്ന സാംസ്‌കാരിക വിനിമയോത്സവം ഇന്ത്യന്‍ മൺസൂൺ ഫെസ്റ്റ് കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വരെ സംസ്ഥാനത്തെ എട്ട് ജില്ലകളിലേയ്‌ക്കെത്തിയ്ക്കുന്നു. ആഗസ്ത് അഞ്ചിന് അരങ്ങുണർത്തുന്ന മൺസൂൺ ഫെസ്റ്റ് 13 വരെ നീണ്ടുനിൽക്കും. പഞ്ചാബ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ് നാട്, കേരളം - എന്നി പത്തു സംസ്ഥാനങ്ങങ്ങളിലെ നൂറ്റമ്പതോളം വരുന്ന കലാസംഘം സമ്പല്‍ പുരി, ഗരഗാലു, ധിംസ, സിദ്ധി ധമാല്‍, ഭങ്ക്ര, മയൂര,ഡോലു കുനിത, കരഗാട്ടം, കേരളീയ നൃത്തക്കാഴ്ചകള്‍ തുടങ്ങിയ കലാരൂപങ്ങളാണ് അഞ്ചാം തീയതി മുതല്‍ വിവിധ ജില്ലകളിലായി അവതരിപ്പിക്കുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ നൃത്താവതരണങ്ങള്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ള ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്.