ഡൽഹി:ആയിരക്കണക്കിനു 9,000 കോടിയുടെ കിട്ടാക്കടമുണ്ടാക്കിയ വ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യസഭാംഗമായ വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഇക്കാര്യം അറിയിച്ചത്. കിട്ടാക്കടം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ വിജയ് മല്യ നേരിട്ടു ഹാജരാകാന്‍ ഉത്തരവിടണമെന്ന ബാങ്കുകളുടെ ആവശ്യം ജസ്റ്റീസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
എന്നാല്‍, അഭിഭാഷകന്‍ മുഖേനയോ ഇന്ത്യന്‍ എംബസി മുഖേനയോ മല്യക്കു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിജയ് മല്യയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ലണ്ടനിലാണെന്നു സംശയിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഇതു സംബന്ധിച്ച സ്ഥിരീകരണമാണു സിബിഐ നല്‍കുന്നതെന്നും മുകുള്‍ റോഹ്തഗി വ്യക്തമാക്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യ രാജ്യം വിടുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള യുബി ഗ്രൂപ്പിനു പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടിയുടെ കിട്ടാക്കടമുണ്ട്. എന്നാല്‍, അതിലേറ സ്വത്തുകള്‍ രാജ്യത്തിനു പുറത്തുള്ള മല്യക്ക് എന്തിനു വായ്പ നല്‍കിയെന്നു കോടതി ബാങ്കുകളോടു ചോദിച്ചു. കേസ് ഈ മാസം 30നു പരിഗണിക്കും.