ഒരു വരിക്കച്ചക്ക കിട്ടിയാൽ നമ്മൾ എന്തൊക്കെ ചെയ്യും. പഴുത്തതാണെങ്കിൽ ചുമ്മാ തിന്നും, വരട്ടും , അപ്പമുണ്ടാക്കും പച്ചയാണെങ്കിൽ വറക്കും കറിവയ്ക്കും അല്ലാതെ കൂടുതലൊന്നും ചെയ്യാൻ പോകുന്നില്ല. പക്ഷെ ചക്ക ഉപയോഗിച്ച് അറുപത് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാമെന്ന് വന്നാലോ! ചുമ്മാതൊന്ന് ആലോചിച്ചാൽ ചക്കയുടെ പത്തിലധികം ഐറ്റങ്ങൾ നമ്മുടെ തലയിൽ കത്തില്ലെന്ന് തോന്നുമ്പോഴാണ് ജാക്ക് വേൾഡ് ചക്കയുടെ അറുപത് വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി നമ്മളെ ഞെട്ടിക്കുന്നത്.
ചക്കവരട്ടി, ചക്ക ഹൽവ, ചക്ക ഉപ്പേരി, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു ചെമ്മീൻ ചമ്മന്തി, ചക്ക മുറുക്ക്, ചക്ക കുക്കീസ്, ചക്ക കേക്ക്, ചക്കക്കുരു ചെമ്മീൻ റോസ്റ്റ്, ചക്കക്കുരു പുട്ടുപൊടി, ചക്കക്കുരു ചമ്മന്തിപൊടി, ചക്ക സ്ക്വാഷ്, ചക്ക മിക്സ്ചർ, ചക്ക അച്ചാർ, ചക്ക തിര, ചക്ക കോഫി പൗഡർ(ജാഫി), ചക്ക പായസം, ചക്കക്കുരു പായസം, ചക്ക ഐസ്ക്രീം, ചക്ക ജെല്ലി, ചക്ക ചോക്ലേറ്റ് , മിൽക്ക് ഷേക്ക്, ഡ്രൈഡ് ജാക്ക് ഫ്രൂട്ട്, ജാക്ക് ഫ്രൂട്ട് ജാം, ചക്ക വൈൻ, തുടങ്ങിയവ അവയിൽ ചിലതു മാത്രം. ആലപ്പുഴ ആസ്ഥാനമാക്കി രണ്ടു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ജാക്ക് വേൾഡ് വിവിധ സ്ഥലങ്ങളിലെ പ്രദർശന മേളകളിൽ പങ്കെടുത്താണ് ചക്ക ഐറ്റങ്ങളെ പരിചയപ്പെടുത്തുന്നതും വിൽക്കുന്നതും.
പ്രദര്ശനങ്ങളിലൂടെ രുചിയറിഞ്ഞ ചിലർ വിദേശത്തേക്കും ഇവരുടെ വിഭവങ്ങൾ എത്തിച്ചിരിക്കുകകയാണ്. അവിടെയും ഇപ്പോൾ ആവശ്യക്കാർ ഏറുകയാണെന്ന് വിഷ്ണുപറഞ്ഞു. തിരുവനന്തപുരത്ത് പ്രകൃതി ആരോഗ്യ വിചാര വേദിയുടെ തേൻ ഈന്തപ്പഴ മേളയിൽ വിഷ്ണുവിന്റെ മേൽനോട്ടത്തിൽ ജാക്ക് വേൾഡ് പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂൺ അഞ്ചിന് തുടങ്ങിയ മേള നാളെ സമാപിക്കും. ജൂൺ 30 ന് തലസ്ഥാനം വേദിയാകുന്ന ചക്ക ഫെസ്റിവലിലും ജാക്ക് വേൾഡും വിഭവങ്ങളും ഉണ്ടാകും.