തിരുവനന്തപുരം: ഡോക്‌ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ തോറാസിക് സര്‍ജനും സൂപ്രണ്ടുമായ ഡോ. ജയകുമാറിന് പ്രത്യേക അവാര്‍ഡ് പ്രഖ്യാപിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് ഡോ. ജയകുമാറാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ആരോഗ്യ ചികിത്സ രംഗത്തെ പ്രവര്‍ത്തനത്തിന് പാലക്കാട് ജില്ലാ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗുജറാള്‍, ഇ.എസ്.ഐ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ത്തല ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ടി. അഗസ്റ്റിന്‍, സ്വകാര്യ മേഖലയില്‍ നിന്ന് കോഴിക്കോട് കെ.എം.സി.ടിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. പി. എന്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. സ്വകാര്യ മേഖലയില്‍ നിന്ന് എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയിലെ ഡോ. പി. എ. ലളിത പ്രത്യേക അവാര്‍ഡിന് അര്‍ഹയായി.