ഐ വി സരിത
ഇന്ന് തലസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലാണ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ പ്രധാനവേദിയായ നിശാഗന്ധിയിലെ പരിപാടികള്‍ മഴകാരണം തടസ്സപ്പെടില്ല. കാഴ്ചക്കാര്‍ എങ്ങോട്ടും ഓടിപ്പോകില്ല. കാരണം ഇന്നവിടെ മേല്‍ക്കൂരയുണ്ട്. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഇതേ വേദിയില്‍ മഴയില്‍ നൃത്തം ചെയ്യേണ്ടിവന്ന ഐ വി സരിത ഇന്നീ ഓണപരിപാടികളുടെ ഭാഗമാണ്. അത് നര്‍ത്തകിയായിട്ടല്ല ടൂറിസം വകുപ്പിന്റെ പി ആര്‍ കന്പിനിയുടെ പ്രതിനിധിയായിട്ടാണ് കൊച്ചിയില്‍ നിന്ന് ഇവിടെ എത്തിരിക്കുന്നത്. 2009 സെപ്റ്റംബര്‍ ആറിന് സരിത നിശാഗന്ധിയില്‍ മഴയില്‍ കുച്ചിപ്പുടി അവതരിപ്പിച്ചുകൊണ്ടിരുന്ന ചിത്രം അടുത്ത ദിവസത്തെ കേരള കൗമുദിയില്‍ അടിച്ചു വന്നിരുന്നു. ഇന്നും ആ പത്ര ഫോട്ടോയെ ഒരു കലാകാരിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കരുതുന്ന ഐ വി സരിത പങ്കുവയ്ക്കുന്ന ഓണദിന മഴനൃത്തത്തിന്റെ ഓര്‍മകളിലേക്ക്.
കോര്‍പ് കമ്മ്യുണിക്കേഷന്‍ സ്ഥാപനമായ ചോയ്‌സിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഞാന്‍ നിശാഗന്ധിയില്‍ നൃത്തം ചെയ്തത്. പിജി കഴിഞ്ഞു ജോലിക്ക് കയറിയ സമയമായിരുന്നു അത്..എന്റെ ഗുരു നന്ദന്‍കോട് വിനയചന്ദ്രൻ സാര്‍ രചിച്ച് സംഗീതം നല്‍കി ചിട്ടപ്പെടുത്തിയതും അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെടുത്തിയ ദേവകി നന്ദനയില്‍ നാരായണീയം കൂടി യോജിപ്പിച്ച കുച്ചിപ്പുടിനൃത്തം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മഴപെയ്തത്. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുപോലത്തെ ഫീലുള്ള നിശാഗന്ധിയില്‍. മാനസിക സന്തോഷത്തിലും ആനന്ദത്തിലും ലയിച്ച് കളിച്ച ഞാന്‍ മഴ പെയ്തതറിഞ്ഞില്ല. പെട്ടെന്ന് പക്കമേളം നിന്നപ്പോഴാണ് ചാറ്റലായി തുടങ്ങിയ മഴയുടെ ശക്തി ഞാനറിയുന്നത്. മഴ മാറിയപ്പോള്‍ ഞാന്‍ വീണ്ടും വേദിയിലെത്തി. നേരത്തെയുണ്ടായിരുന്ന കാഴ്ചക്കാര്‍ അവിടെത്തന്നെയുണ്ടായിരുന്നു. അത് അവര്‍ എനിക്ക് തന്ന പ്രചോദനമാണെന്ന് ഇന്‍ ഞാന്‍ മനസ്സിലാക്കുന്നു.മഴയില്‍ കുതിര്‍ന്ന വേദിയില്‍ നേരത്തെ നിര്‍ത്തിയയിടത്തുന്നു തന്നെ എനിക്ക് തുടര്‍ന്ന് നൃത്തം ചെയ്യാന്‍ സാധിച്ചു. മഴതുടങ്ങിയപ്പോള്‍ നീ കളിച്ചില്ലെങ്കില്‍ നമ്മള്‍ നിര്‍ത്തിയിട്ടുപോയനേ, അവസാനം മഴകടുത്തപ്പോള്‍ ഞങ്ങള്‍ക്ക് നിറുത്തേണ്ടിവന്നുവെന്നാണ് പക്കമേളക്കാര്‍ എന്നോട് പറഞ്ഞത്.
ജിതേഷ് ദാമോദർ അന്ന് പകർത്തിയ ചിത്രവും അടുത്തദിവസത്തെ വാർത്താചിത്രവും
അടുത്തദിവസം പത്രത്തില്‍ അടിച്ചു വന്ന ആ നൃത്ത ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുദപ്പെട്ടുപോയി. എന്റെ മനസ്സ് ഇത്ര കൃത്യമായി എങ്ങനെ വായിച്ചുവെന്ന്. കാരണം ഒരു നര്‍ത്തകിയുടെ മനസ്സിലൂടെ ആ സമയം എന്തൊക്കെ കടന്നുപോയോ അതൊക്കെ ആ ഫോട്ടോഗ്രാഫര്‍ കൃത്യമായി പകര്‍ത്തിയിരുന്നു. ആ പത്രം ഇന്നും ഞാന്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അന്നുമുതല്‍ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണെന്ന് ഞാന്‍ അന്വേഷിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ അതും സാധ്യമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട ടൂറിസം ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിന്റെ പടമെടുക്കുവാന്‍ വന്ന പത്ര ഫോട്ടോഗ്രാഫറായ ജിതേഷ് ദാമോദരോടാണ് ഒരു നിമിത്തമെന്നപോലെ അന്നത്തെ ഫോട്ടോയെക്കുറിച്ച് ചോദിച്ചത്. ഞാനാണ് ആ ഫോട്ടോയെടുത്തതെന്ന് അദ്ദേഹം പറയുകയും തന്റെ മൊബൈല്‍ ഫോട്ടോശേഖരത്തില്‍ നിന്ന് ആ ഫോട്ടോ കാണിച്ചു തരുകയും ചെയ്തു. ആ ചിത്രം 2010 ലെ ഫോട്ടോ പ്രദര്‍ശനത്തിലും ഉള്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ കലയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരു കലാകാരിക്ക് കിട്ടിയ വലിയ അംഗീകാരങ്ങളായിട്ടാണ് എനിക്ക് തോന്നിയത്.
മൂന്ന് വയസ്സു മുതല്‍ നൃത്തം പഠിക്കുന്ന ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നൃത്തരൂപമാണ് കുച്ചിപ്പുടി. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതും. വിവിധ വേദികളിൽ അവതരിപ്പിച്ചിരുന്നതും ഇത് തന്നെ. നിര്‍മല ഭവന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ 1993 - 95 വര്‍ഷങ്ങളില്‍ നോര്‍ത്ത് സബ് ഡിസ്ട്രിക്ട് കലതിലാകമായിരുന്നു. മത്സരങ്ങളിൽ മറ്റു നൃത്തങ്ങൾക്കും സമ്മാനം കിട്ടിയിട്ടുണ്ട്. ഇന്ന് മീഡിയ അക്കാഡമിയെന്നറിയപ്പെടുന്ന പ്രസ് അക്കാഡമിയിലായിരുന്നു എന്റെ പിജി ഡിപ്ലോമ. അവിടുത്തെ ആ വർഷത്തെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വെര്‍ടൈസിങ്ങില്‍ ഒന്നാം റാങ്ക് ഗോള്‍ഡ് മെഡല്‍ എനിക്കായിരുന്നു. ഇപ്പോള്‍ ഡല്‍ഹി ആസ്ഥാനമായുള്ള പി ആര്‍ കമ്പിനിയുടെ കേരളത്തിലെ ചുമതല വഹിക്കുന്നു. നൃത്തമെന്റെ ജീവ വായുവാണ്.ഇന്നും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.